പാക് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി
കച്ച്: വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പ്രണയം സഫലമാകാൻ രാജ്യാതിർത്തി കടന്നെത്തിയ കമിതാക്കളെ ബിഎസ്എഫ് പിടികൂടി പോലീസിൽ ഏല്പിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലേക്ക് കാൽനടയായി എത്തിയ കമിതാക്കളായപോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനി ഗ്രാമത്തിൽ നിന്ന് ഞായറാഴ്ച രാത്രി പ്രണയിനികളായ പോപ്പതും ഗൗരിയും പലായനം ചെയ്തത്. കച്ച് ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെത്തിയ കമിതാക്കളെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. 1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കുടുംബങ്ങൾ വിവാഹത്തിന് എതിരായതിനാൽ ഒളിച്ചോടിയതാണെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.