എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണം: മുസ്‌ലിം ലീഗിന് പിന്നാലെ കോൺഗ്രസും സംസ്ഥാന സർക്കാറും സുപ്രിം കോടതിയിൽ
ന്യൂഡൽഹി: കേരളത്തിൽ എസ് ഐ ആർ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും കേരള സർക്കാരും സുപ്രീംകോടതിയെ സമീപിക്കുന്നു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സുപ്രീംകോടതി അഭിഭാഷകനും രാജ്യസഭാ അംഗവുമായ ഹാരിസ് ബീരാൻ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.
പ്രത്യേക ഇടക്കാല റിവിഷൻ നടപടികൾ ധൃതിപിടിച്ച് നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും 2025 ജനുവരി ആറിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ കേരളത്തിൽ എസ് ഐ ആർ 2025 പൂർത്തിയായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിനിടെ ധൃതിപിടിച്ച് എസ്ഐആർ നടപ്പാക്കുന്നതിലെ ഉദ്ദേശശുദ്ധിയും ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ജോലി സമ്മർദ്ദം താങ്ങാൻ ആവാതെ ഒരു
ബി എൽ ഒ ആത്മഹത്യ ചെയ്യാൻ ഉണ്ടായ സാഹചര്യവും ഹർജിയിൽ പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് മേൽ മനുഷ്യത്വരഹിതമായ സമ്മർദ്ദം അടിച്ചേൽപ്പിക്കുകയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു എങ്കിലും സർക്കാർ അതിനെ തയ്യാറാകാത്ത സാഹചര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും സുപ്രീംകോടതിയെ സമീപിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്ഐആർ നടത്തുന്നത് ദുരുദ്ദേശത്തോടെയാണ് എന്നും എസ്ഐആറിന്റെ പ്രായോഗികത സുപ്രീംകോടതിയെ ധരിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതിനിടെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ എസ്ഐആറിനെതിരെ കേരള സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു.
ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ നിർത്തിവെക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം.