‘ലോലൻ’ തനിച്ചായി.. കാർട്ടൂണിസ്റ്റ് ചെല്ലൻ വിടവാങ്ങി
കോട്ടയം: ഒരു കാലഘട്ടത്തിൽ മലയാളിയുടെ മനസ്സിൽ സന്തോഷവും ചുണ്ടിൽ ചിരിയും പടർത്തിയ കലാകാരൻ കാർട്ടൂണിസ്റ്റ് ചെല്ലൻ വിട വാങ്ങി. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഹരമായി മാറിയിരുന്ന ലോലൻ എന്ന ഒറ്റ കാർട്ടൂൺ കഥാപാത്രത്തിലൂടെ പ്രസിദ്ധനായ കാർട്ടൂണിസ്റ്റ് ആണ് ചെല്ലൻ. 77 വയസ്സ് ആയിരുന്നു. വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
1948ൽ ജനിച്ച ചെല്ലൻ കെഎസ്ആർടിസിയിൽ നിന്ന് പെയിന്റർ ആയിട്ടാണ് വിരമിച്ചത്.
കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ട അംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ടു തന്നെ ചെല്ലൻ കാർട്ടൂൺ ചിത്രകലാരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെവർ എൻഡിങ് സർക്കിൾ എന്ന സ്ഥാപനം ലോലൻ എന്ന കഥാപാത്രത്തെ അനിമേറ്റ് ചെയ്തുകൊണ്ടിരിക്കെയാണ് തന്റെ കഥാപാത്രം ചലിക്കുന്നത് കാണും മുമ്പാണ് ലോലന്റെ നാഥൻ മടങ്ങിയത്.
ലോലൻ എന്ന കഥാപാത്രത്തിന്റെ ബെൽ ബോട്ടം പാന്റും പ്രത്യേക ഹെയർ സ്റ്റൈലും ഒരു കാലത്ത് കോളേജ് കുമാരന്മാരുടെ ഹരമായി മാറിയിരുന്നു.
കാർട്ടൂണിസ്റ്റ് ചെല്ലന്റെ ശവസംസ്കാര ചടങ്ങുകൾ ഇന്നു വൈകിട്ട് മൂന്നുമണിക്ക് വടവാതൂരിൽ നടക്കും.