Follow us on Social Media
Back

‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി

മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മുഖ്യമന്ത്രിയുടെ ഓഫീസ്
17/09/2025
———————-

‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക.
ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.

ലക്ഷ്യങ്ങൾ

പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക.

പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക.

ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നാം ആവിഷ്കരിച്ച വിവിധ മിഷനുകൾ ജനങ്ങൾ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും അവയുടെ വിലയിരുത്തലും.

പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക.

സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക.

അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക.

ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിൻ്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ.

പരിപാടിയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിർണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാ സ്ട്രക്‌ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിനെ (KIIFB) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

വർക്കിംഗ് അറേഞ്ച്മെൻ്റ് അടിസ്ഥാനത്തിൽ കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. തത്വത്തിൽ അതിനായി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും മേൽനോട്ടത്തിനായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അവരെ അറിയിക്കാനും ഉള്ളടക്ക നിർമ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.

പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേൽനോട്ടം, ഗുണനില വാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പർക്ക വകുപ്പിനെ ചുമതലപ്പെടുത്തി. വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസൺ കണക്ട് സെൻ്റർ പ്രവർത്തിക്കുക. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

പൊതു യൂട്ടിലിറ്റി സേവനമാക്കും

വിഴി‍ഞ്ഞം അന്താരാഷ്ട്ര് തുറമുഖത്തെ വ്യാവസായിക തര്‍ക്ക നിയമം 1947 പ്രകാരം ഒരു പൊതു യൂട്ടിലിറ്റി സേവനമായി വി‍ജ്ഞാപനം ചെയ്യുന്നതിന് അനുമതി നല്‍കി. തൊഴില്‍ അന്തരീക്ഷം സുഗമമാക്കാന്‍ ഇതിലുടെ സഹായകമാകും.

മലയാള ഭാഷ ബില്‍

2025ലെ മലയാള ഭാഷ ബില്ലിന്‍റെ കരട് അംഗീകരിച്ചു.

അലവൻസില്‍ വര്‍ധനവ്

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് നല്‍കുന്ന പ്രതിദിന അലവൻസ് വര്‍ധിപ്പിക്കും. പ്രതിദിന അലവൻസിൽ 10% വർദ്ധനവാണ് നൽകുക.
അടിസ്ഥാന ശമ്പളം 37,400 രൂപ വരെ 355 രൂപ,
37,400 മുതല്‍ 68,400 വരെ 415,
68,400 രൂപക്ക് മുകളില്‍ 500 രൂപ എന്നിങ്ങനെയാണ് പുതിയ അലവന്‍സ്.

ശമ്പളപരിഷ്ക്കരണം

സ്റ്റീല്‍ ഇന്‍റസ്ട്രിയല്‍സ് കേരള ലിമിറ്റഡിലെ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളം 01/04/2019 പ്രാബല്യത്തില്‍ നടപ്പാക്കും.

ദീര്‍ഘകാല കരാര്‍

സ്റ്റീല്‍ ഇന്‍സ്ട്രിയല്‍ കേരള ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 01/04/2021 പ്രാബല്യത്തില്‍ നടപ്പാക്കും.

മാനേജിങ്ങ് ഡയറക്ടര്‍മാര്‍

സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായി ബിജു എസിനെയും മെറ്റല്‍ ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടറായി ഹരികുമാര്‍ എസിനെയും നിയമിക്കും.

പാട്ടത്തിന് നല്‍കും

തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അമൃത് 2.0- യിൽ ഉൾപ്പെടുത്തി കേരള വാട്ടർ അതോറിറ്റി മുഖേനെ 16 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്ക്, അതിലേക്കുള്ള ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ എന്നിവ നിർമ്മിക്കുന്നതിന് മലപ്പുറം പരപ്പനങ്ങാടി വില്ലേജിൽ ഫിഷറീസ് വകുപ്പിന്‍റെ കൈവശമുള്ള 15 സെൻ്റ് സ്ഥലം കേരള വാട്ടർ അതോറിട്ടിക്ക് നിബന്ധനകൾക്കു വിധേയമായി പാട്ടത്തിന് നല്‍കും.

ബിഡ് അനുവദിച്ചു

WSS to Arakkulam and Velliyamattom (part) panchayath – Package II – Supply and laying Raw Water Pumping Main, Clear Water Pumping Main and construction of GLSRs in various zones in Arakulam panchayath എന്ന പ്രവൃത്തിക്ക് 5,12,50,000 രൂപയ്ക്ക് ബിഡ് അനുവദിച്ചു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment