
ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.
ഗസ്സയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.
മാധ്യമ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും കൂട്ടക്കൊലക്കിരയാക്കി ഇസ്രായേൽ തുടരുന്ന നരമേധത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയരുന്നു.
തെക്കൻ ഗസ്സയിലെ ആശുപത്രി ആക്രമിച്ചു 5 മാധ്യമപ്രവർത്തകരെയും 15ലേറെ ആരോഗ്യ പ്രവർത്തകരെയും കഴിഞ്ഞദിവസം ഇസ്രയേൽ വധിച്ചിരുന്നു. അന്താരാഷ്ട്ര വാർത്ത ഏജൻസികളായ റോയിട്ടേഴ്സിന്‍റെയും അൽ ജസീറയുടെയും അടക്കം 5 മാധ്യമപ്രവർത്തകർക്കാണ് ഇസ്രായേൽ ക്രൂരതയ്ക്ക് ഇരയായി മരണം വരിക്കേണ്ടി വന്നത്.
റോയിട്ടേഴ്സ് ഫോട്ടോ ജേർണലിസ്റ്റ് ഹുസാം അൽ മസ് രി, അൾജസീറ ഫോട്ടോഗ്രാഫർ മുഹമ്മദ് സലാമ, ഫ്രീലാൻറ് ജേണലിസ്റ്റ് മരിയം അബു ദഖ, വിവിധ ഫലസ്തീൻ മാധ്യമങ്ങളിലെ റിപ്പോർട്ടർമാരായ മഹാസ് അബൂത്വാഹ, അഹമ്മദ് അബൂ അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. തുടർച്ചയായ രണ്ടുതവണയാണ് നാസർ ആശുപത്രിക്ക് നേരെ ഇന്നലെ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടത്.
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറംലോകത്ത് അറിയിച്ചു കൊണ്ടിരിക്കേയാണ് മാധ്യമപ്രവർത്തകർക്ക് നേരെയും ഇസ്രയേൽ അതിക്രമം നടത്തിയത്.
ഇസ്രായേൽ നടപടിയെ അപലപിച്ച് രാജ്യാന്തര മാധ്യമ കൂട്ടായ്മയായ ഫോറിൻ പ്രസ്സ് അസോസിയേഷൻ രംഗത്തെത്തി. യു എൻ ഇടപെടണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഗസ്സയിൽ ഇതുവരെ 278 മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുള്ളത്. ഇസ്രായേൽ ഗസ്സയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന വംശഹത്യയിൽ 62744 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്.