
ഓണവും നബിദിനവും ഒരു ദിവസം:
ഓണവും നബിദിനവും ഒരു ദിവസം:
നാടും നഗരവും ഉത്സവ – ആഘോഷ ലഹരിയിലേക്ക്…
ഇത്തവണ ഓണവും നബിദിനവും ഒരു ദിവസം ആയത് ഉത്സവ ആഘോഷങ്ങൾക്ക് പതിന്മടങ്ങ് മാറ്റുകൂട്ടും. വർഗീയ – വിഭാഗീയ ചിന്തകൾ മനുഷ്യരിൽ കൂടുതൽ വിഭജനം സൃഷ്ടിക്കുന്ന കാലത്ത് കാലം മാനവ- മതമൈത്രിയുടെ പുതിയ ചരിത്രം രചിക്കുകയാണ്. ചിങ്ങം പിറന്നതോടെ കേരളീയർ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇന്നലെ ചന്ദ്രപ്പിറവി ദൃശ്യമായതിനെ തുടർന്ന് പ്രവാചക ശ്രേഷ്ഠൻ മുഹമ്മദ് നബി യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ പിറന്നതോടെ മുസ്ലിം ജനസാമാന്യവും നബി ദിന ആഘോഷങ്ങൾക്കുമായി തയ്യാറെടുക്കുന്ന കാഴ്ചകളും എവിടെയും ദൃശ്യമാണ്.
അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനാണ് ഇത്തവണ ഓണവും നബിദിനവും വിരുന്ന് എത്തുന്നത് എന്നത് മറ്റൊരു യാദൃശ്ചികതയായി മാറുന്നു.
ഓണവും നബിദിനവും അധ്യാപക ദിനവും സമുചിതമായി ആഘോഷിക്കാൻ കേരളീയർ ഒട്ടേറെ വൈവിധ്യമാർന്ന പദ്ധതികളും പരിപാടികളും ആഘോഷങ്ങളും ആണ് അണിയറയിൽ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് ആഘോഷങ്ങൾ ഒരു ദിനത്തിൽ എത്തുന്നതോടെ അത് അവിസ്മരണീയമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളും ക്ലബ്ബുകളും വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകുന്ന തിരക്കിലാണ്. 2026 സെപ്റ്റംബർ 5 മലയാളികൾക്ക് മറക്കാനാവാത്ത മാനവ മൈത്രിയുടെ മഹാസന്ദേശം നൽകുന്ന മഹത്തായ സുദിനമായി മാറുമെന്ന പ്രത്യാശയിലാണ് കേരളീയ സമൂഹം.