
കൊല്ലം: കേരളത്തിലെ മത്സ്യ മേഖല പുത്തൻ ഉണർവിലേക്ക് നീങ്ങുന്ന കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊട്ടാരക്കരയിൽ സംസ്ഥാന മത്സ്യ കർഷക അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡാക്, മത്സ്യഫെഡ്, തീരദേശ വികസന കോർപ്പറേഷൻ, ഹാർബർ എൻജിനീയറിങ് തുടങ്ങിയ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.
നബാർഡ് വഴിയും യൂറോപ്യൻ യൂണിയനുമായി നടത്തിയ ചർച്ചകളുടെ ഫലമായും അടുത്തമാസം 18, 19 തീയതികളിൽ കോൺക്ലേവ് സംഘടിപ്പിക്കും. കേരളത്തിലെ തീരദേശ മേഖലയ്ക്ക് വലിയ രീതിയിലുള്ള സഹായം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടക്കുക. മത്സ്യബന്ധന മേഖലയിലെ വെല്ലുവിളികളെ മറികടക്കുവാൻ മത്സ്യ ഉൽപാദനമേഖലയിൽ പുതിയ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുകയാണ്. മത്സ്യവിത്തുൽപ്പാദനം ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചതും അഡാക്ക് ലാഭത്തിലാക്കാൻ സാധിച്ചതും മികച്ച നേട്ടമാണ്.
ഏകദിന ജനകീയ പ്ലാസ്റ്റിക് നിർമാർജന കാമ്പയിനിന്റെ ഭാഗമായി 154,310 കി. ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ തീരത്ത് നിന്നും നീക്കം ചെയ്തു. ഫിഷറീസ് സ്ക്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കും. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് തീരദേശ മേഖലയിൽ 50 വർഷത്തേക്കുള്ള വിപ്ലവകരമായ മാറ്റം ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കൾ ഉന്നത വിദ്യാഭ്യാസം നേടിയാൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി ഉപരിപഠനത്തിന് വിദേശരാജ്യങ്ങളിൽ പോകാനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കടലോര പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന ക്യാമ്പയിനായ ശുചിത്വ സാഗരം സുന്ദര തീരത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് കടൽതീരം മുഴുവനും മാലിന്യമുക്തമാക്കിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രോഫിയും 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഏറ്റുവാങ്ങി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യ കർഷക അവാർഡുകളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും നൽകി.
പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ ഒമ്പത് തീരദേശ ജില്ലകളിലെയും മികച്ചപ്രകടനം കാഴ്ചവച്ച രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ധർമ്മടംഗ്രാമപഞ്ചായത്തിനും കണ്ണൂർ കോർപ്പറേഷനും 10000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും സർട്ടിഫിക്കറ്റും കൈമാറി.