Follow us on Social Media
Back

കരുത്താണ് ജുഡീഷ്യറി, എന്നും അങ്ങനെയാവണം

അഴിമതിക്കേസുകൾക്കും അഴിമതിയാരോപ‍ണങ്ങൾക്കും യാതൊരു ക്ഷാമവുമില്ലാത്ത നാടാണു നമ്മുടേത്. സാധാരണ ഉദ്യോഗസ്ഥർ മുതൽ ഭരണത്തിന്‍റെ നേതൃത്വത്തിലുള്ളവർ വരെ അഴിമതിക്കേസുകളിൽ പ്രതികളാവുന്നത് വലിയ അത്ഭുതമൊന്നും ഉണ്ടാക്കാറില്ല. അടിത്തട്ടിൽ ആയിരങ്ങളും ലക്ഷങ്ങളുമാണ് കൈക്കൂലിയെങ്കിൽ മുകളിലെത്തുമ്പോൾ അതു കോടികളായി മാറും. രാജ്യത്തെ പിടിച്ചുകുലുക്കിയ എത്രയെത്ര കോഴക്കേസുകളാണു രാഷ്ട്രീയ ചരിത്രത്തിൽ തന്നെയുള്ളത്.

ഉയർന്ന ഉദ്യോഗസ്ഥരുടെ വസതികളിൽ നിന്നും ഓഫിസുകളിൽ നിന്നുമൊക്കെ അന്വേഷണ ഉദ്യോഗസ്ഥർ കണക്കിൽപ്പെടാത്ത നോട്ടുകളുടെ കെട്ടുകൾ കണ്ടെത്തിയ സംഭവങ്ങളും എത്രയോ ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകൾ അന്വേഷിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കേസുകളിൽ ഉൾപ്പെട്ട സംഭവങ്ങളുണ്ട്. അതൊക്കെ കണ്ടും കേട്ടും നമുക്കു ശീലമായിരിക്കുന്നു.

എന്നാൽ, അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കെട്ടുകളായി വൻതുകയുടെ നോട്ടുകൾ കത്തിയ നിലയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ. ജനങ്ങൾ ഏറ്റവുമധികം വിശ്വസിക്കുന്ന സംവിധാനമാണു ജുഡീഷ്യറി. അഴിമതിക്കും വഴിവിട്ട പ്രവർത്തനങ്ങൾക്കും തടയിടാനും സാധാരണക്കാർക്ക് നീതി ലഭ്യമാക്കാനും പ്രതിജ്ഞാബദ്ധമായ സ്ഥാപനമാണത്.

കോടതിയുള്ളതുകൊണ്ടാണ് തങ്ങൾക്കു നീതി ലഭ്യമാവുന്നത് എന്നു വിശ്വസിക്കുന്ന ജനകോടികളെ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നുണ്ട് ഡൽഹിയിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ. ഒരു ജഡ്ജിക്കെതിരേ ആരോപണമുയർന്നതുകൊണ്ട് ഇന്ത്യൻ നീതിന്യായ സംവിധാനം കളങ്കിതമാവുന്നില്ല. തങ്ങളിൽ അർപ്പിതമായിരിക്കുന്ന ജോലി നൂറു ശതമാനവും സത്യസന്ധമായി നടപ്പാക്കുന്നവരാണ് നീതിന്യായ സംവിധാനത്തിലുള്ളതെന്നു തന്നെ ജനങ്ങൾ വിശ്വസിക്കുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്‍റെ കരുത്തായി നമ്മുടെ ജുഡീഷ്യറി നിലകൊള്ളുകയും ചെയ്യും. അപ്പോഴും ഒരു പുഴുക്കുത്തുപോലും ആ സംവിധാനത്തിൽ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജസ്റ്റിസ് യശ്വന്ത് വർമയുടെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് എത്രയും വേഗം ജനങ്ങൾക്കു വ്യക്തമാവണം. സംശയത്തിന്‍റെ കണിക പോലുമില്ലാതെ കാര്യങ്ങൾ തെളിയണം. ഇതുപോലുള്ള ആരോപണങ്ങൾ ഇനിയും ഉയരാതിരിക്കാൻ എന്തൊക്കെ നടപടികളാണു സ്വീകരിക്കേണ്ടതെന്നും ആലോചിക്കണം.

ജഡ്ജിയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെത്തുടർന്നു നടന്ന പരിശോധനയിലാണ് കെട്ടുകണക്കിനു നോട്ടുകൾ കത്തിയ നിലയിൽ കണ്ടെത്തിയതെന്നാണു പറയുന്നത്. തീപിടിത്തമുണ്ടാവുമ്പോൾ ജഡ്ജി വസതിയിൽ ഉണ്ടായിരുന്നില്ല. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുമ്പോഴാണ് സ്റ്റോർ റൂമിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്.

സുപ്രീം കോടതി നിർദേശപ്രകാരം നടന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. കത്തിയ നിലയിൽ കറൻസി നോട്ടുകൾ കണ്ടെത്തിയെന്ന് ഈ റിപ്പോർട്ടിൽ ചിത്രങ്ങൾ സഹിതം വ്യക്തമാക്കുന്നു. എന്നാൽ, പണം എത്രയെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് അഭ്യർഥിക്കുന്നത്. സുപ്രീം കോടതി ഈ അന്വേഷണ റിപ്പോർട്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ ഗൗരവത്തോടെ വിഷയത്തെ കോടതി സമീപിക്കുന്നു എന്നത് ആശ്വാസകരമാണ്.

തനിക്കെതിരായ ഗൂഢാലോചനയാണു നടന്നതെന്ന് ജസ്റ്റിസ് യശ്വന്ത് വർമ പ്രതികരിച്ചിട്ടുണ്ട്. ആർക്കും ഉപയോഗിക്കാനാവുന്ന മുറിയിലാണു തീപിടിത്തം ഉണ്ടായതെന്നും അദ്ദേഹം പറയുന്നു. താനോ കുടുംബാംഗങ്ങളോ അവിടെ പണം സൂക്ഷിച്ചിട്ടില്ല എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എല്ലാം തെളിയേണ്ടത് വിശദമായ അന്വേഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഓരോ സംഭവവികാസവും ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഏറ്റവും ഉചിതമായ നടപടികൾ തന്നെ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

മുൻപ് പഞ്ചസാര മില്ലുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പു കേസിൽ യശ്വന്ത് വർമ പ്രതിയായിട്ടുണ്ടെന്നാണു പറയുന്നത്. ജഡ്ജിയാകുന്നതിനു മുൻപ് പഞ്ചസാര മില്ലിന്‍റെ നോൺ എക്സിക്യൂട്ടിവ് ഡയറക്റ്ററായിരുന്ന സമയത്താണ് വായ്പാ തട്ടിപ്പു കേസ് ഉയർന്നത്. 2018ൽ സിബിഐ രജിസ്റ്റർ ചെയ്ത കോടികളുടെ അഴിമതിക്കേസിലാണ് വർമയെയും ഉൾപ്പെടുത്തിയതത്രേ. എന്തായാലും ജസ്റ്റിസ് വർമയെ കോടതി കാര്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ഈ നടപടി തുടരുമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. ന്യായമായ നടപടിയാണത്. ജഡ്ജിയുടെ വസതിയിൽ പണം എങ്ങനെ വന്നുവെന്ന് എത്രയും വേഗം വ്യക്തമാവുമെന്നു പ്രതീക്ഷിക്കാം.

Post a Comment