5 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
വർക്കലയിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ചിഞ്ചുവാണ് റൂറൽ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ഒരു വർഷമായി വാടകവീട്ടിൽ താമസിച്ച് ഇവർ കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ അഞ്ച് കിലോയിലധികം കഞ്ചാവും, വിൽപ്പനയിലൂടെ ലഭിച്ച 12,000 രൂപയും കണ്ടെത്തിയത്.
ചിഞ്ചുവിന്റെ ആൺസുഹൃത്ത് രാജേഷ് 26 കിലോ കഞ്ചാവ് കടത്തിയ കേസിൽ നിലവിൽ കോയമ്പത്തൂർ ജയിലിലാണ്. ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ചിഞ്ചു രാജേഷിനൊപ്പം താമസം തുടങ്ങിയത്. പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്ന ചിഞ്ചുവിന്റെ സഹോദരിയും പഞ്ചായത്ത് അംഗവുമായ സ്ത്രീക്ക് ലഹരിയിടപാടിൽ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഇവരെയും കേസിൽ പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു.