
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നാണ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിപഞ്ചിക ഫോണിൽ വിളിക്കുകയും നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ 40 പവന്റെ ആഭരണങ്ങൾ ഭർത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞു. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങൾക്കിരയായി എന്ന് കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. ഭർതൃവീട്ടിൽ നിന്ന് ഭീഷണികളുമുണ്ടായതിനാലാണ്പണവും സ്വർണവും ബന്ധുവിനെ ഏൽപ്പിച്ചത്. ആത്മഹത്യയെ കുറിച്ച് സൂചന നൽകിയില്ല, വിവാഹമോചനത്തിന് വിപഞ്ചിക ഒരിക്കലും തയ്യാറായിരുന്നില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ്ഹൈക്കോടതിയെ സമീച്ചിരിക്കുന്നത്.