
കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കാണിച്ച് കുണ്ടറ പൊലീസ് റൂറല്‍ എസ് പിക്ക് റിപ്പോര്‍ട്ട് കൈമാറി.
വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി ഭര്‍തൃ പിതാവ് എന്നിവര്‍ക്കെതിരെ കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണകുറ്റം ചുമത്തി കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.
വിപഞ്ചികയുടെ അമ്മ
ഷൈലജയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. തുടർന്ന് എഫ്.ഐ.ആർ മാറ്റി എഴുതി. ഗാർഹിക പീഢനവും ആത്മഹത്യാ പ്രേരണയും മാറ്റി സ്ത്രീധന പീഢന മരണമാക്കിയാണ് എഫ്.ഐ.ആർ പുതുക്കിയത്.
വിപഞ്ചികയുടെ കുടുംബം ഷാര്‍ജയിലെത്തി. അമ്മ ശൈലജ ഷാര്‍ജ കോടതിയെ സമീപിക്കുന്നതിനൊപ്പം ഷാര്‍ജ പൊലീസിലും പരാതി നല്‍കും. ഷാര്‍ജയിലാണ് യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു പരാതി നേരിട്ട് നല്‍കാനാണ് ശൈലജയുടെ തീരുമാനം. ഇരുവരുടെയും മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുക. ഷാര്‍ജ ഇന്ത്യന്‍ ഭാരവാഹി അസോസിയേഷനുമായും ശൈലജ കൂടിക്കാഴ്ച നടത്തും.
ഭർത്താവുമൊത്ത് സന്തോഷകരമായ കുടുംബ ജീവിതം സ്വപ്നം കണ്ട വിപഞ്ചിക ഷാർജയിൽ കടുത്ത പീഢനവും സാമ്പത്തിക ചൂഷണവുമാണ് നേരിട്ടത്. മാനസികവും ശാരീരികവുമായ പീഢനങ്ങൾക്ക് ഭർത്തൃ വീട്ടുകാർ ഒന്നിച്ചു നിന്നു. മകൾ ജനിച്ചതോടെ ഭർത്താവ് നിധിഷിന്റെ സ്വഭാവത്തിനു മാറ്റം വരുമെന്ന് വിപഞ്ചിക കരുതി. പക്ഷേ മകളോടും വെറുപ്പോടെ നിധിഷ് പെരുമാറി. നാട്ടിൽ പോകാതിരിക്കുനതിനായി കുഞ്ഞിന്റെ പാസ്പോർട്ട് പിടിച്ചു വെച്ച്. വേർപിരിയൽ നോട്ടീസ് ലഭിച്ചതോടെ വിപഞ്ചിക മാനസികമായി തകർന്നു ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയതായി ബന്ധുക്കൾ പറഞ്ഞു. കടുത്ത പീഢനങ്ങളുടെ ദൃശ്യങ്ങളും രേഖകളും സാമൂഹിക മാധ്യമത്തിലെ സന്ദേശങ്ങളും പ്രതികൾക്കെതിരെയുള്ള തെളിവുകളാക്കും. ഇതെല്ലാം പോലീസ് ശേഖരിച്ചുവരികയാണ്.