
സംസ്ഥാന വടംവലി മത്സരത്തിൽ പാലക്കാടിന് ആധിപത്യം.
കൊല്ലം:സംസ്ഥാന വടംവലിഅസോസിയേഷന്റെ നേതൃത്വത്തില്‍ കൊല്ലത്ത് വച്ച് സംഘടിപ്പിച്ച 32മത് സംസ്ഥാന സീനിയര്‍ വടംവലി മത്സരത്തില്‍ പാലക്കാട് ജില്ലയ്ക്ക് ആധിപത്യം. പുരുഷ, വനിത, മിക്സഡ് കാറ്റഗറിയില്‍ 14 ജില്ലാ ടീമുകള്‍ മാറ്റുരച്ച വടംവലി മത്സരത്തില്‍ 600 കിലോഗ്രാം 640 കിലോഗ്രാംപുരുഷ വിഭാഗത്തിലും, 500 കിലോഗ്രാം വനിതാ വിഭാഗത്തിലും, 580 കിലോഗ്രാം മിക്സഡ് വിഭാഗത്തിലും നടന്ന മത്സരങ്ങളിലാണ് പാലക്കാട് ജില്ല മികച്ച നേട്ടം കരസ്ഥമാക്കിയത്.
സീനിയര്‍ വിഭാഗം പുരുഷ ടീമുകളുടെ 640 കിലോഗ്രാം വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പാലക്കാട്, തൃശൂര്‍ ടീമുകളും മൂന്നാം സ്ഥാനം കൊല്ലം ജില്ല ടീമിനെ പ്രതിനിധീകരിച്ച് ആതിഥേയരായ യു കെ എഫ് കോളേജ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. 600 കിലോഗ്രാം വിഭാഗത്തില്‍ പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ ഒന്നും രണ്ടും കാസര്‍ഗോഡ് മൂന്നും സ്ഥാനങ്ങള്‍ നേടി. 500 കിലോഗ്രാം വനിതാ വിഭാഗത്തില്‍ പാലക്കാട്, കാസര്‍ഗോഡ്, തൃശ്ശൂര്‍ ടീമുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍, 580 കിലോഗ്രാം മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം തൃശൂര്‍ ടീമും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കാസര്‍ഗോഡ്, പാലക്കാട് ടീമുകള്‍ സ്വന്തമാക്കി.
സംസ്ഥാന വടംവലി അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിര്‍വഹിച്ചു.