
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും.
കൊല്ലം:സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും.
യന്ത്രവല്‍കൃത ബോട്ടുകളും എന്ജിന് ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്. ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഒരുങ്ങിത്തുടങ്ങിയിരുന്നു.
മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്.
ആഗസ്റ്റ് ഒന്ന് മുതല്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം പാലിച്ചുവേണം മത്സ്യബന്ധനം നടത്തേണ്ടത്. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങളില്‍ സുരക്ഷ ഉപകരണങ്ങള്‍ നിര്‍ബന്ധമായും സൂക്ഷിക്കുക. മത്സ്യബന്ധനത്തിനായി പോകുന്ന എല്ലാ തൊഴിലാളികളും യാനത്തിന്റെ രജിസ്ട്രേഷന് രേഖകളും അവരവരുടെ ആധാര്‍ കാര്‍ഡും നിര്‍ബന്ധമായും യാനത്തില്‍ സൂക്ഷിക്കണം.ഓരോ യാനം ഉടമയും മത്സ്യബന്ധനത്തിനായി പോകുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികളുടെയും ആധാര്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള പൂര്‍ണവിവരങ്ങള്‍ സമീപത്തുളള ഫിഷറീസ് വകുപ്പ് ഓഫീസില്‍ നല്‍കേണ്ടതാണ്. നിയമം പാലിക്കാത്ത മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്സ്വീകരിക്കും.