
ഷാർജയിൽ മകൾക്കൊപ്പം മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും ചതവുകളും
കൊല്ലം: ഷാർജയിൽ മകൾക്കൊപ്പം മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും ചതവുകളും ഉള്ളതായി നടപടിയിൽ അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പ്രതി വിദേശത്തായതിനാൽ എത്രയും വേഗം ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റുമോർട്ടം നടത്തി. അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി ബിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷമായിരുന്നു പോസ്റ്റ്മോർട്ടം. തിരുവനന്തപുരം ആർ ഡി യുടെ പ്രത്യേക നിർദേശ പ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു. ഇന്നലെ രാത്രി 11:30 യോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലെത്തിച്ചത്. കേരള പുരത്തെ വീട്ടിലെത്തിച്ച് അഞ്ച് മണിയോടെയാകും സംസ്കാരം. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ ഒന്നരവയസുള്ള വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. വൈഭവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ദുബൈയിൽ തന്നെ സംസ്കരിച്ചിരുന്നു.