ശബരിമല : ഇന്നലെ മല കേറിയത് ഒരു ലക്ഷത്തിലധികം പേർ…ദർശനത്തിന് വൻ തിരക്ക്
ശബരിമല: ശബരിമല ദർശനത്തിന് വൻ തിരക്ക്. ദർശനത്തിനായുള്ള കാത്തിരിപ്പ് മണിക്കൂറുകൾ നീളുന്നതായും ഭക്തർ പറയുന്നു.
മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് മല കേറിയത്. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് സ്വാമിമാർക്ക് ദർശനം സാധിച്ചത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും.
സന്നിധാനത്തെ തിരക്ക് കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകാരെ കടത്തി വിടുക. വിർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്. പതിനെട്ടു മണിക്കൂർ ആണ് ശബരിമലയിൽ ദർശന സമയം. തീർഥാടന കാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.
നിലവിൽ 3500
ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.