
വോട്ട് ചോരി: സുരേഷ് ഗോപിക്കെതിരെ പരാതി
തൃശൂരിൽ വോട്ട് ചേർത്തത് നിയമവിരുദ്ധം; സുരേഷ് ഗോപിക്കെതിരെ ടിഎൻ പ്രതാപന്റെ പരാതി
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗവും മുൻ എംപിയുമായ ടിഎൻ പ്രതാപൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തൃശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ട് ചേർത്തത് നിയമവിരുദ്ധമാണെന്നും ക്രിമിനൽ ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതാപൻ പൊലീസിൽ പരാതി നൽകിയത്.
പരാതിപ്രകാരം, തിരുവനന്തപുരത്തെ ശാസ്തമംഗലം ഡിവിഷനിൽ പതിറ്റാണ്ടുകളായി സ്ഥിര താമസക്കാരനായ സുരേഷ് ഗോപിയും കുടുംബവും ഇപ്പോഴും 22/1788 എന്ന വിലാസത്തിലാണ് വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന വോട്ടർ പട്ടിക റിവിഷനിലും ഈ വിവരങ്ങൾ മാറിയിട്ടില്ലെന്നത്, തൃശൂരിൽ വോട്ട് ചേർക്കുന്നതിന് നൽകിയ സത്യപ്രസ്താവന വ്യാജമാണെന്ന് തെളിയിക്കുന്നതായി പ്രതാപൻ ആരോപിക്കുന്നു.
115-ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപിയുടെ വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം പ്രകാരം, സ്ഥിര താമസക്കാരായവർക്കു മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ കഴിയൂ. എന്നാൽ, തൃശൂരിൽ വോട്ട് ചേർക്കുമ്പോൾ നൽകിയ രേഖകളും സത്യപ്രസ്താവനയും തെറ്റായ വിവരങ്ങളാണെന്നതാണ് ആരോപണം.
പ്രതാപന്റെ പരാതിയിൽ, സുരേഷ് ഗോപിയോടൊപ്പം സഹോദരനും ഉൾപ്പെടെ 11 പേരുടെ വോട്ട് ഒരേ വിലാസം കാണിച്ച് ചേർത്തിട്ടുണ്ടെന്ന വിവരവും ഉൾപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിക്കണമെന്ന് പ്രതാപൻ ആവശ്യപ്പെട്ടു.
അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിട്ടില്ല.