ബംഗാളി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും വീട് കൊള്ളയടിക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് പേർ പിടിയിൽ. ബെംഗളൂരു റൂറലിലെ ഗംഗോണ്ടനഹള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 9.15ന് ശേഷമായിരുന്നു ഞെട്ടിക്കുന്ന സംഭവം.
പ്രതികൾ ലൈംഗികാതിക്രമം നടത്തുക മാത്രമല്ല, വീട്ടിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും 25,000 രൂപയും എടുത്തു കൊണ്ടുപോയതായും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് സി.കെ. ബാബ പറഞ്ഞു.
വാതിൽ തുറക്കാൻ ആവശ്യപ്പെട്ട ശേഷം അഞ്ച് പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പുലർച്ചെ 12.30ന് അതിജീവിതയുടെ മൂത്ത മകനാണ് സംഭവം ഫോണിലൂടെ പോലീസിനെ അറിയിച്ചത്. .
സംഭവത്തിൽ കൂട്ടബലാത്സംഗത്തിനും കവർച്ചക്കും പൊലീസ് കേസെടുത്തു.
ക്രൂരമായ പീഡനത്തിനിരയായ ബംഗാൾ സ്വദേശിയായ സ്ത്രീക്ക് പുറമെ മറ്റു രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും ഈ വീട്ടിൽ സംഭവ സമയത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിജീവിത അപകടനില തരണം ചെയ്തതായും പ്രതികളും അതിജീവിതയും പരസ്പരം പരിചയമുള്ളവരാണോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണെന്നും ബെംഗളൂരു റൂറൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
കാർത്തിക്, ഗ്ലെൻ, സുവോയ്ഗ് എന്നിവരാണ് പിടിയിലായ മൂന്ന് പേർ എന്നറിയുന്നു. മറ്റു രണ്ടുപേർ ഒളിവിലാണെന്നും അവരെ പിടികൂടാൻ വ്യാപകമായ തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.