പീഡന പരാതികളുടെ കുത്തൊഴുക്ക്…മുഖ്യമന്ത്രിയുടെ മൗനം സർക്കാരിനും പാർട്ടിക്കും തലവേദന…
പീഡന പരാതികളിൽ പകച്ച് പിണറായിയും….
പീഡന പരാതികളുടെ അമ്പേറ്റ് മുഖ്യമന്ത്രി പിണറായി വിജയനും.
സമീപ കാലത്തുണ്ടായ പീഡന പരാതികളുടെ കുത്തൊഴുക്കിൽ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് സാധിക്കാത്തത് പ്രതിപക്ഷത്തിന് പുറമെ സർക്കാരിലും പാർട്ടിയിലും പൊതു ജനങ്ങൾക്കിടയിലും വലിയ ചർച്ചയായി മാറുകയാണ്.
ലൈംഗിക പീഡന പരാതികളും പോലീസ് കസ്റ്റഡി പീഡന പരാതികളും നിരന്തരം വാർത്തകൾ ആകുമ്പോഴും നടപടികൾ ഒന്നുമില്ലാതെ പിണറായി പകച്ചുനിൽക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസും ജീവനക്കാരും പലപ്പോഴും വേട്ടക്കാർക്കൊപ്പം നിൽക്കുന്ന വാർത്തകളും പുറത്ത് വന്നിട്ടുണ്ട്.
പിണറായി വിജയന് ഭരണത്തിൽ സ്വതന്ത്രമായി ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് വിവിധ കോണുകളിൽ നിന്നും ഉയർന്നു വരുന്ന പീഡന പരാതികളിൽ പകച്ച് നിൽക്കുന്ന പിണറായിയുടെ ചിത്രം അണികളിലും പാർട്ടിയിലും അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.
പരാതികൾ ഉയരുമ്പോൾ മൗനം പാലിക്കുകയും പ്രവർത്തനത്തിൽ വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന മുഖ്യ മന്ത്രിയുടെ നിലപാട് പരക്കെ വിമർശിക്കപെടുകയാണ്.
നിയമസഭയിൽ പോലും കൃത്യമായ മറുപടി പറയാനോ ഇരകൾക്കൊപ്പം നിൽക്കാനോ മുഖ്യ മന്ത്രി തയ്യാറാകത്തത് ഭരണപക്ഷത്ത് പോലും മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്.
ഉദ്യോഗസ്ഥ ലോബിയുടെ താളത്തിനു തുള്ളി ക്രിമിനൽ പശ്ചാത്തലമുള്ള പോലിസുകാരെയും ജീവനക്കാരെയും പാർട്ടിക്കാരെയും സംരക്ഷിക്കുന്ന നിലപാടിൽ നിന്നും പിണറായി മാറിയില്ലെങ്കിൽ പീഡനം നേരിട്ട സി പി എം പ്രവർത്തകരും നേതാക്കളും ഉൾപ്പെടെ പലരും ഉടൻ രംഗത്ത് വരുമെന്നാണ് അറിയുന്നത്.