
നിയമ പോരാട്ടത്തിനായി വിപഞ്ചികയുടെ അമ്മ ഷാർജയിൽ
കൊല്ലം:ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ നിയമപോരാട്ടത്തിന് കുടുംബം. വിപഞ്ചികയുടെ അമ്മയും സഹോദരനും നേരിട്ട് ഷാർജ പൊലീസിനെ സമീപിക്കും. ഇതിനായി വിപഞ്ചികയുടെ അമ്മ ഷാർജയിലേക്ക് പോയി. സഹോദരൻ ഇന്ന് വൈകിട്ടോടെ ദുബായിലെത്തും.
വിപഞ്ചികയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന് പിതാവ് നിധീഷ് ആവശ്യപ്പെട്ടതിനാൽ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തത്. വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.