ത്രിശ്ശൂരിൽ രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി
ത്രിശ്ശൂർ: പ്രദേശത്ത് നിരന്തരം സംഘർഷവും ഭീഷണിയും സൃഷ്ടിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് വനിതാ ഗുണ്ടകളെ കാപ്പ നിയമപ്രകാരം തൃശ്ശൂർ ജില്ലാ കലക്ടർ നാടുകടത്തി.
വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയൽ വീട്ടിൽ സ്വാതി (28), വലപ്പാട് ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് ഒരു വർഷത്തേക്ക് ജില്ലയിലെ അതിർത്തി പുറത്തേക്ക് കടത്തിയത്.
ഇരുവരെയും 2025 ജൂൺ 16 മുതൽ ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ മുമ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് ലംഘിച്ച് ഇരുവരും മരണ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ വീണ്ടും കുടുങ്ങുകയായിരുന്നു.
ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
കാപ്പ നിയമലംഘനവും, ക്രിമിനൽ പ്രവൃത്തികൾ തുടർന്നും ആവർത്തിച്ചതും പരിഗണിച്ചാണ് ഇരുവരേയും നാടുകടത്താനുള്ള നടപടി സ്വീകരിച്ചത്.