ജിഎസ്ടി പരിഷ്‌കാരം നിലവിൽ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തും: നിർമ്മല സീതാരാമൻ
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണത്തിലൂടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളിലേക്ക് എത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. തമിഴ്‌നാട് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ 80-ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിങ്കളാഴ്ചയാണ് പുതിയ ജിഎസ്ടി പരിഷ്കരണം നിലവിൽ വരുന്നത്.
നാല് സ്ലാബുകളിൽ നിന്ന് രണ്ട് സ്ലാബുകളാക്കി ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ദരിദ്രർ, പിന്നാക്കക്കാർ, മധ്യവർഗ കുടുംബങ്ങൾ, ചെറുകിട-ഇടത്തരം സംരംഭകർ എന്നിവർക്ക് വലിയ നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാർ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വില പുതിയ പരിഷ്കരണത്തിലൂടെ കുറയുമെന്നും മന്ത്രി വ്യക്തമാക്കി.