
കൊല്ലത്ത് സ്കൂട്ടറില്‍ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന സൈനിക ഉദ്യോഗസ്ഥൻ പൊലീസ് പിടിയിലായി.
കൊല്ലം: കൊല്ലത്ത് സ്കൂട്ടറില്‍ എത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്ന സൈനിക ഉദ്യോഗസ്ഥൻ പൊലീസ് പിടിയിലായി. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷഫീഖ് (33 )ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
അഞ്ചാലുംമൂട് കുരീപ്പുഴ ഐക്കരമുക്കില്വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന വീട്ടമ്മയുടെ അഞ്ച് പവന്റെ മാലയും ലോക്കറ്റും പൊട്ടിച്ച് ഇയാള്കടന്നുകളയുകയായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനായില്ല. തുടര്ന്ന്പ്രത്യേകസംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഷഫീഖ് കീഴടങ്ങുകയായിരുന്നു. പശ്ചിമ ബംഗാളില്‍ കരസേനയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷഫീഖ്.
കുരീപ്പുഴ ഇന്ദിവരത്തിൽ പ്രീതാകുമാരിയുടെ മാലയാണ് ഷഫീക്ക് പൊട്ടിച്ചെടുത്തത്. വീടിന് സമീപത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു പ്രീതാ. സ്കൂട്ടറിൽ എത്തിയ പ്രതി വാഹനം നിർത്തി വഴി ചോദിക്കുന്നതിനിടയിൽ പ്രീതാകുമാരിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച പ്രീതാകുമാരിയെ റോഡിലേക്ക് തള്ളിയിട്ടു.
കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്. വഴിയിലെ മുഴുവൻ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചു. ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിയുക ദുഷ്കരമായിരുന്നു. മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതി ആലപ്പുഴ ജില്ലക്കാരനാണന്ന് തിരിച്ചറിഞ്ഞത്.സൈനികനായതിനാൽ ആദ്യം പോലീസിന് സംശയമുണ്ടായിരുന്നില്ല. പോലീസ് തിരയുന്നത് മനസിലാക്കിയ പ്രതി ഒളിവിൽ പോയി. ഇതൊടെ ഷഫീഖ് തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടെ ഷഫീഖ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.