
കൊല്ലത്ത് എട്ടുവയസുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു
കൊല്ലം: ചവറയിൽ എട്ട് വയസ്സുകാരനുനേരെ രണ്ടാനച്ഛന്റെ ക്രൂരപീഡനം. വികൃതികാട്ടിയതിന്റെ പേരിൽ ഇസ്തിരിപ്പെട്ടി കൊണ്ട് കാലിൽ പൊള്ളലേൽപ്പിക്കുകയും ഇലക്ട്രിക് വയർ കൊണ്ട് അടിച്ച്മുറിവേൽപ്പിക്കുകയുമായിരുന്നു. ചവറ തെക്കുംഭാഗം മാലിഭാഗത്ത് വാടകക്ക് താമസിക്കുന്ന കുടുംബത്തിലാണ് സംഭവം. കൊടുംക്രൂരത ചെയ്ത രണ്ടാനച്ഛനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ വിദേശത്തുള്ള മാതാവ് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ചവറ തെക്കുംഭാഗം പൊലീസിലെ ചൈൽഡ് സെന്‍ററിൽ ഹാജരാക്കി. തെളിവെടുപ്പ് നടത്തിയ ശേഷം കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അമ്മൂമ്മയോട് വികൃതി കാട്ടിയതിനാണ് പൊള്ളലേൽപിച്ചതെന്നും രണ്ടാനച്ഛന്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറഞ്ഞതായി പൊലിസ് അറിയിച്ചു. പൊള്ളിയസ്ഥലം പഴുത്തു തുടങ്ങിയിട്ടും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇയാൾ തയാറായില്ല.
ചവറ തെക്കുംഭാഗം എസ്.എച്ച്.ഒ ശ്രീകുമാർ, സബ് ഇൻസ്പെക്ടർ നിയാസ്, ക്രൈം സബ് ഇൻസ്പെക്ടർ എ. റഹീം, എ.എസ്.ഐ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ സി.ഡബ്ല്യു.സിലേക്ക് മാറ്റി.കുട്ടിക്ക് കൗൺസിലിംങ്ങും സംരക്ഷണവും സി ഡബ്ലു സി നൽകും.
ആർ. മോഹൻദാസ്
റിപ്പോർട്ടർ കൊല്ലം