കൈക്കൂലി കൈപ്പറ്റുന്നതിനിടെ കളിമൺ കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണി കുടുങ്ങി
തൃശൂർ : ചെടിച്ചട്ടി ഇടപാടിൽ ആവശ്യപെട്ട കൈക്കൂലി കൈപ്പറ്റുന്നതിനിടെ കളിമൺ കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണി വിജിലൻസിന്റെ കെണിയിൽ കുടുങ്ങി. വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്ത കെ.എൻ.കുട്ടമണിയെ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ മന്ത്രി ഒ ആർ കേളു നിർദേശം നൽകി.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം നേതാവുമായ കുട്ടമണി
ഒരു മൺപാത്രത്തിന് മൂന്നു രൂപ വീതം 25,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തൃശ്ശൂർ ചിറ്റശ്ശേരിയിലെ മൺപാത്ര നിർമ്മാണ യൂണിറ്റ് ഉടമ വൈശാഖനോടാണ് കമ്മീഷൻ എന്ന പേരിൽ ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടത്. തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡുവായ 10,000 രൂപ കൈപ്പറ്റുന്നതിനിടെ നാടകീയമായാണ് വിജിലൻസ് കുട്ടമണിയെ പിടികൂടിയത്.
വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരനായ ചിറ്റശ്ശേരി സ്വദേശി വൈശാഖനെയും തൃശൂർ വിജിലൻസ് സംഘത്തെയും ഉൾപ്പെടുത്തി അതിവിദഗ്ധമായാണ് കുട്ടമണിയെ വലയിലാക്കിയത്. കളിമൺ പാത്ര നിർമ്മാണ വിതരണ വികസന കോർപ്പറേഷൻ ചെയർമാൻ എന്ന പദവി ദുരുപയോഗം ചെയ്ത് കമ്മീഷനെന്ന പേരിൽ കൈക്കൂലി ഇദ്ദേഹം ആവശ്യപ്പെടുന്നത് പതിവാണെന്നും ആരോപണമുണ്ട്. വളാഞ്ചേരി കൃഷിഭവനു കീഴിൽ വിതരണം ചെയ്യാനിരുന്ന 5372 കളിമൺ പാത്രങ്ങൾക്കുള്ള ഇടപാടിലെ കൈക്കൂലി വാങ്ങുന്നതിടെയാണ് ചെയർമാൻ അറസ്റ്റിൽ ആയത്. പരമ്പരാഗത കളിമൺ പാത്ര തൊഴിലാളികളിൽ നിന്നും നിരവധി പരാതികൾ മുമ്പും പാർട്ടിക്കു ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.