Follow us on Social Media
Back

കുടുംബശ്രീ മുഖേന സ്ത്രീകൾക്ക് വേതനാധിഷ്ഠിത തൊഴിൽനൽകും. മന്ത്രി എം.ബി.രാജേഷ്.

കൊല്ലം:സമഗ്രമായ പ്രവര്‍ത്തന മികവിന് സി.ഡി.എസുകള്‍ക്ക് ലഭിച്ച ഐ.എസ്.ഓ അംഗീകാരം കുടുംബശ്രീയുടെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 617 സിഡിഎസുകള്‍ക്ക് പ്രവര്‍ത്തന മികവില്‍ ഐ.എസ്.ഒ അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കൊല്ലം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ സമ്പൂര്‍ണ ഐ.എസ്.ഒ പ്രഖ്യാപനവും സി.കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ആദ്യമായി ഐഎസ്ഒ അംഗീകാരം നേടിയ സി.ഡി.എസുകള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു.
നിലവില്‍ 617 സി.ഡി.എസുകള്‍ക്കാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം 1070 സി.ഡി.എസുകള്‍ക്കും അംഗീകാരം കൈവരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീ ജീവിതത്തെ മാറ്റുക എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് അര്‍ഥം. കുടുംബശ്രീ വനിതകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- സാംസ്‌കാരിക ശാക്തീകരണത്തിന് കുടുംബശ്രീ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചെന്ന് സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ ഏറ്റവും മികച്ച പഠനമാതൃകയാണ് കുടുംബശ്രീ. സംരംഭകത്വം വളര്‍ത്തല്‍, അതിന് പ്രോത്സാഹനം നല്‍കല്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീകള്‍ക്ക് ഇനി വേതനാധിഷ്ഠിത തൊഴിലും നല്‍കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഉയര്‍ത്തുന്നതിനു വേണ്ടിയാണിത്. നിലവിലെ 20 ശതമാനം 50 ശതമാനമാക്കി ഉയര്‍ത്തും. ഇത് കുടുംബത്തിന്റെയും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെയും വളര്‍ച്ചയ്ക്ക് സഹായകമാകും.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഇതു വരെ 1,21,000 ത്തില്‍ അധികം തൊഴിലുകള്‍ കണ്ടെത്തി. ഇതില്‍ 43000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി കഴിഞ്ഞു. പുതിയ മേഖലകളിലേക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെയും വിപുലീകരിക്കുന്നതിന്റെയും ഭാഗമായി കാര്‍ഷിക, മൃഗസംരക്ഷണ മേഖലകളിലടക്കം നൂതനമായ നിരവധി പദ്ധതികളാണ് കുടുംബശ്രീ നടപ്പാക്കുന്നത്. 184 ടെക്‌നോളജികള്‍ ഉപയോഗിച്ച് കാര്‍ഷികമേഖലയ്ക്ക് കുതിപ്പ് നല്‍കാന്‍ കെ-ടാപ് പദ്ധതി ആരംഭിച്ചു. ഓണക്കാലത്ത് പൂവും പച്ചക്കറിയും വിപണനം ചെയ്ത് 44 കോടിയിലേറെ രൂപയാണ് വിറ്റുവരവ് നേടിയത്. കേരള ചിക്കന്‍ പദ്ധതി വഴി 400 കോടിയിലേറെ വിറ്റുവരവും നേടിയിട്ടുണ്ട്. ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതിലൂടെ കേരളീയ സ്ത്രീജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 617 സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഓ അംഗീകാരം ലഭ്യമാക്കുന്നതില്‍ വലിയ തോതില്‍ പിന്തുണ നല്‍കിയ കില, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ അഭിനന്ദിച്ച മന്ത്രി, അരുന്ധതി റോയി രചിച്ച ഏറ്റവും പുതിയ പുസ്തകം ‘മദര്‍ മേരി കംസ് ടു മി’ തനിക്ക് സമ്മാനിച്ചതിന് ജില്ലാ മിഷന്‍ അധികൃതര്‍ക്ക് പ്രത്യേകം നന്ദിയും പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഓ അംഗീകാരം നേടിയ വെങ്ങപ്പള്ളി (വയനാട്), പരവൂര്‍ (കൊല്ലം), ഭരണങ്ങാനം (കോട്ടയം), ഇരവിപേരൂര്‍ (പത്തനംതിട്ട), നൂറനാട്, കൃഷ്ണപുരം (ആലപ്പുഴ), നെടുമങ്ങാട്-1, നെടുമങ്ങാട്-2 (തിരുവനന്തപുരം) സി.ഡി.എസുകള്‍ക്ക് മന്ത്രി മെമന്റോ സമ്മാനിച്ചു.

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment