കണ്ണൂരിൽ ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ച യുവതി പിടിയിൽ
മാഹി ബസിലിക്കയ്ക്ക് സമീപമുള്ള ശ്രീ ലക്ഷ്മി ജ്വല്ലറിയിൽനിന്ന് 3 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. കഴിഞ്ഞ 12-ാം തീയതിയാണ് മോഷണം നടന്നത്.
സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ജീവനക്കാരൻ്റെ ശ്രദ്ധ മാറ്റിയ ശേഷം മാല മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജ്വല്ലറി ഉടമയായ പിലാക്കണ്ടി ശൈലേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തുടർന്ന്, അഴിയൂരിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് പ്രതിയായ ആയിഷയെ പോലീസ് പിടികൂടി. എന്നാൽ, ഇവരുടെ കൈവശം മാലയുണ്ടായിരുന്നില്ല. മാല മാഹിയിലെ കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ വിറ്റെന്ന് യുവതി മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കുഞ്ഞിപ്പള്ളി ജ്വല്ലറിയിൽ നിന്ന് മോഷണമുതൽ കണ്ടെടുത്തു.
മാഹി സി.ഐ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ വളവിൽ സുരേഷ്, എ.എസ്.ഐ സി.വി ശ്രീജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.