Follow us on Social Media
Back

ആർക്കാണ് ഇത്ര ധൃതി.

കൊല്ലം: മസ്തിഷ്ക മരണം സംഭവിച്ച
ഐസക്ക് ജോർജിന്റെ ശരീരത്തിൽ നിന്നും ഹൃദയം വേടുപെടുത്തി എടുക്കാൻ നിയോഗിക്കപ്പെട്ട ഡോ. ജോ ജോസഫ്
വൈകാരികമായി ഫെയ് ബുക്കിൽ എഴുതി.

“ആർക്കാണ് ഇത്ര ധൃതി “

എനിക്കിന്ന് നല്ല ധൃതിയായിരുന്നു. ഒരുപക്ഷേ ഇന്ന് ഏറ്റവുമധികം വേഗത്തിൽ ഏറ്റവും അധികം ദൂരം യാത്ര ചെയ്തവരിൽ ഒരാളായിരിക്കും ഞാൻ. സമയവുമായുള്ള ഓട്ട മത്സരമായിരുന്നു എന്ന് തന്നെ പറയാം.രാത്രി രണ്ടുമണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാവിലെ ആറരക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തി. ഹൃദയവുമായി ഉച്ചയ്ക്ക് 12 മണിയോടുകൂടി പുറപ്പെട്ട് വെറും ഏഴ് മിനിറ്റിനുള്ളിൽ കിംസിൽ നിന്ന് വിമാനത്താവളത്തിൽ എത്തി. ഹെലികോപ്റ്റർ വഴി മുക്കാൽ മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തും ഹയാത് ഹോട്ടലിലെ ഹെലിപാടിൽ നിന്ന് വെറും 5 മിനിറ്റിൽ ലിസ്സി ആശുപത്രിയിൽ എത്തുകയും ചെയ്തു. കാരണം ഇന്നത്തെ ഓരോ മിനിട്ടിനും ഒരു ജീവൻ്റെ വില ഉണ്ടായിരുന്നു.

ഡോക്ടർ എന്നതിലുപരി മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം തോന്നുകയും,എന്റെ സർക്കാരിൽ അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്.
കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസ്സൊന്നു വിറച്ചു. പുറമേ ദൃശ്യമാകുന്ന രീതിയിൽ കാര്യമായ പരുക്കൊന്നും ഇല്ലായിരുന്നു ഐസക്കിന്. എന്നാൽ അപകടത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. മനോഹര ജീവിത സ്വപ്നങ്ങൾ കണ്ടു നടക്കുന്ന പ്രായത്തിൽ ആ സ്വപ്നങ്ങൾക്ക് പുറകെ പായുമ്പോൾ ആകസ്മികമായി വന്നുചേർന്ന അപകടത്തിൽ പൂർണ്ണമായി തകർന്നു നിൽക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുക എന്ന മഹാദാനം ചെയ്യുവാൻ ഐസക്കിന്റെ കുടുംബം കാണിച്ച ആ വലിയ പുണ്യത്തിന് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.
ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നിൽക്കുമ്പോഴും സ്വന്തം മകൻ്റെ, സ്വന്തം സഹോദരൻറെ അവയവങ്ങൾ മറ്റുള്ളവർ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നൽ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോർജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം
മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം നന്മത്തം ചെയ്യാൻ സാധിക്കുമോ ?ഇതിലപ്പുറം ഒരു നല്ല മനുഷ്യനാകാൻ സാധിക്കുമോ ?ഇതിനപ്പുറം മാനവികത ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ?
അതുകൊണ്ടുതന്നെ യാത്രയിലൂടെ നീളം ആ.ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ.

ഡോണർ അലർട്ട് കിട്ടിയതു മുതൽ എന്റെ സർക്കാർ ഈ ഉദ്യമത്തിനൊപ്പം ഉണ്ടായിരുന്നു.ഇന്നലെ പാതിരാത്രി മുതൽ മുഖ്യമന്ത്രിയും അദ്ദേഹത്തിൻറെ ഓഫീസും മന്ത്രി പി രാജീവും അദ്ദേഹത്തിൻറെ ഓഫീസും
ആരോഗ്യ മന്ത്രിയും ഓഫീസും നിരന്തരം ഇടപെടുകയും സർക്കാരിന്റെ സഹായത്തോടുകൂടി ഹെലികോപ്റ്റർ സേവനം വിട്ടു നൽകുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും സങ്കീർണമായ കാര്യങ്ങൾ എല്ലാം ഏകോപിപ്പിച്ചത് മുതിർന്ന ഐപിഎസ് – ഐഎഎസ് ഓഫീസർമാരായിരുന്നു.
കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കും ഹായത് ഹെലിപാടിൽ നിന്നും ആശുപത്രിയിലേക്കും ഗ്രീൻ കോറിഡോർ ഒരുക്കിയത് ഈ രണ്ട് നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു. അണുവിട തെറ്റാത്തആസൂത്രണം ഏകോപനം!
എൻറെ സർക്കാരിൽ എനിക്ക് അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു ഇന്ന്.
പലആശുപത്രികൾ ,അനേകം ഡോക്ടർമാർ ,അത്യന്തം ഗൗരവമായ നിയമ നൂലാമാലകൾ ഇതെല്ലാം ഏകോപിപ്പിച്ചതും നടപ്പാക്കിയതും എന്റെ സിസ്റ്റത്തിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ ആയിരുന്നു.
ഒരോ നിമിഷവും സങ്കീർണമായ ഈ ദൗത്യത്തിന് നേതൃത്വം നൽകുകയും വേണ്ട നിർദ്ദേശങ്ങൾ ചെയ്തത് കെ സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിൻ്റെ നേതൃത്വത്തിലുള്ള കെ സോട്ടോ ടീമായിരുന്നു.

അതെ – എന്റെ സംസ്ഥാനത്തിൻ്റെ ‘സിസ്റ്റ’ത്തിൽ ,എൻ്റെ സർക്കാരിൽ,എൻ്റെ പ്രത്യയ ശാസ്ത്രത്തിൽ ,ഞാൻ വിശ്വസിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിൽ എനിക്ക് അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്.

ഇല്ലായില്ല മരിക്കുന്നില്ല.
ഐസക്ക് മരിക്കുന്നില്ല.
ജീവിക്കുന്നു അനേകരിലൂടെ….

About the Author /

National Broadcasting news India(NBNI) C 19, soni compound Matra Wadi, Naiagaon West Mumbai Maharashtra 401202, Ph: 9987936646 NBNI C19, 2 nd floor Aspara building Near ernakulam press club , Ernakulam 682011

Post a Comment